‘നഷ്ടപ്പെട്ടുപോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ’ പവർസ്റ്റാർ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ഒമർ ലുലു
മലയാളികളുടെ പ്രിയങ്കരനായ ആക്ഷൻ ഹീറോ ബാബു ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. പത്ത് വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി തിരിച്ചെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ചെറുതല്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ‘നഷ്ടപ്പെട്ടുപോയെതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ’ എന്നാണ് ക്യാപ്‌ഷൻ നൽകിയിരിക്കുന്ന പോസ്റ്ററിൽ ബാബു ആന്റണി ബാബു ആന്റണി അബു സലീം ശ്രേയസ് എന്നിവരുണ്ട്.
“ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു” എന്ന് കുറിച്ചാണ് ഒമർ ലുലു പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ചിത്രീകരണം പലതവണ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് മൂലം മാറ്റിവയ്‌ക്കേണ്ട അവസ്ഥയായിരുന്നു. ലഹരിമരുന്നു മാഫിയയ്ക്കെതിരെയുള്ള നായകന്റെ പോരാട്ടമാണ് ചിത്രത്തിൽ പറയുന്നത്.
മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍. ഒമർ ലുലുവിന്റെ മുൻ സിനിമകളിൽനിന്നു തീർത്തും വ്യത്യസ്തമായ ഈ ചിത്രത്തിൽ നായികയോ ഗാനങ്ങളോ ഇല്ല. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇതുവരെയുള്ള എല്ലാ സംവിധാന സംരംഭങ്ങളിലും പുതുമുഖങ്ങൾക്ക് അനവധി അവസരങ്ങൾ നൽകിയ സംവിധായകൻ കൂടിയാണ് ഒമർ. ഒരു കണ്ണിറുക്കൽ രംഗത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധനേടാൻ ഒമറിന് കഴിഞ്ഞിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ അഡാർ ലവ് എന്ന ചിത്രത്തിലെ പ്രിയവാര്യരുടെ കണ്ണിറുക്കൽ ആയിരുന്നു അത്.

Comments
Post a Comment